ലണ്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് യുകെയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ വ്യാപകമായി വൈകുകയും റദ്ദാക്കുകയും ചെയ്തു.
നാഷണൽ എയർ ട്രാഫിക് സർവീസസിന്റെ ഫ്ലൈറ്റ് പ്രോസസിംഗ് സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണം. സാങ്കേതിക തകരാർ പരിഹരിച്ച് സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫ്ലൈറ്റ്റാഡാർ24 നൽകുന്ന വിവരങ്ങളനുസരിച്ച് ഇരുനൂറോളം സർവീസുകൾ ഇതിനോടകം റദ്ദാക്കിക്കഴിഞ്ഞു.
അതേസമയം, സാങ്കേതിക തകരാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതു പരിഹരിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും യുകെ ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ എക്സിൽ കുറിച്ചു. സർവീസുകൾ തടസപ്പെട്ടതോടെ വിവിധ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിനു യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.